രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍
Saturday, October 18, 2025 5:24 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിനം മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സില്‍ നില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സിദ്ദേശ് വീര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മഹാരാഷ്ട്രയെ ശക്തമായ നിലയിലെത്തിച്ചത്. പൃഥ്വി ഷാ 75 റണ്‍സെടുത്തപ്പോള്‍ സിദ്ദേശ് വീറും റുതുരാജ് ഗെയ്ക്വാദും 55 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.
പൃഥ്വി ഷാക്ക് പുറമെ 34 റണ്‍സെടുത്ത അര്ഷിന് കുല്‍ക്കര്‍ണിയുടെ വിക്കറ്റാണ് മഹാരാഷ്ട്രക്ക് അവസാന ദിനം നഷ്ടമായത്. മത്സരത്തില്‍ 20 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്ര മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോൾ കേരളത്തിന് ഒരു പോയിന്റ് മാത്രമെ നേടാനായുള്ളു. സ്കോര്‍ മഹാരാഷ്ട്ര 239, 224-2, കേരളം 219.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 20 റൺസിന്റെ ലീഡ് നേടിയാണ് മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര നാലാം ദിനം ക്രീസിലിറങ്ങിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷാ-അര്ഷിൻ കുല്‍ക്കര്‍ണി സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മഹാരാഷ്ട്ര സമനില ഉറപ്പിച്ചു. അര്ഷിന് കുല്‍ക്കര്‍ണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എന്‍.പി. ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ കരുതലോടെ കളിച്ച പൃഥ്വി ഷാ 102 പന്തില്‍ ഏഴ് ബൗണ്ടറികള്‍ മാത്രം നേടി 75 റണ്‍സെടുത്തതോടെ കേരളത്തിന്റെ പിടി അയഞ്ഞു. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-സിദ്ദേശ് വീര്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മഹാരാഷ്ട്രയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു.
മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 239 റൺസ് പിന്തുടർന്ന കേരളം മൂന്നാം ദിനം 219 റൺസിന് ഓൾഔട്ടായിരുന്നു. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 20 റൺസ് ലീഡെടുത്തു. കേരളത്തിന് വേണ്ടി സൂപ്പർ താരം സഞ്ജു സാംസൺ അർധ സെഞ്ച്വറി നേടിയിരുന്നു.
63 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റൺസെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്കോറർ. 93 പന്തിൽ 49 റൺസെടുത്ത സൽമാൻ നിസാർ, 28 പന്തിൽ 27 റൺസെടുത്ത രോഹൻ കുന്നുമ്മൽ, 52 പന്തിൽ 36 റൺസെടുത്ത മുഹമ്മദ് അസറുദ്ദീൻ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.