കെഎസ്ആര്‍ടിസി ബസിന്റെ വാതിലിലൂടെ പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് പരിക്ക്
Friday, October 17, 2025 11:05 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊല്ലം സ്വദേശിനിയും പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിംഗ് കോളജിലെ എംടെക് വിദ്യാർഥിനിയുമായ മറിയത്തിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ബന്ധു വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്നതിനായി പാറവിളയ്ക്ക് സമീപമുള്ള അഞ്ചാം കല്ല് ബസ് സ്റ്റോപ്പിൽ നിന്നുമാണ് മറിയ ബസിൽ കയറിയത്.
ബാഗിന്റെ വള്ളി വാതിലിന്റെ ലോക്കിൽ കുടുങ്ങിയതാണ് വാതിൽ തുറക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയും ഉടൻ അമ്പലത്തറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തലക്കുളളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകി.