പെരിയ ഇരട്ടക്കൊലക്കേസ്; ഒരു പ്രതിക്ക് കൂടി പരോൾ
Friday, October 17, 2025 6:45 PM IST
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.