ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫെൻഡർ ഉപാധികളോടെ വിട്ടുനൽകി
Friday, October 17, 2025 6:39 PM IST
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുനൽകി. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ് അഡീഷനൽ കമ്മീഷണർ വിട്ടുനൽകിയത്.
20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകിയത്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടുനൽകുമെന്ന് കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.