പാക്കിസ്ഥാൻ സൈനികർക്കു നേരെ ആക്രമണം; ഏഴ് സൈനികർ കൊല്ലപ്പെട്ടു
Friday, October 17, 2025 6:26 PM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. 13 സൈനികർക്ക് പരിക്കേറ്റു. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാന്പിനോട് ചേർന്നാണ് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാന്പിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ക്യാന്പിലേക്ക് കടന്നുകയറി ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.