‘കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ ഉത്തരവാദി സ്കൂൾ മാനേജ്മെന്റ്’: മന്ത്രി വി. ശിവന്‍കുട്ടി
Friday, October 17, 2025 11:42 AM IST
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരേ വീണ്ടും വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച മൂലമാണ് പോകാത്തതെന്നും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ആവശ്യമില്ല. എന്നാല്‍, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു.
നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. ഏതെങ്കിലും ഒരു മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല. അങ്ങനെ കേരളത്തില്‍ ഒരു കീഴ്വഴക്കവും ഇല്ല.
ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ വിരോധാഭാസമായിട്ടേ കാണാന്‍ പറ്റുള്ളു. വാശിയും വൈരാഗ്യവും മാറ്റിവെച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നതാണ് നല്ലതെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.