പാലക്കാട്ടെ വിദ്യാർഥിയുടെ മരണം; അന്വേഷണം ഊർജിതമാക്കാൻ പോലീസ്
Friday, October 17, 2025 10:23 AM IST
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. കൂടാതെ സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടേയും മൊഴി എടുക്കും. കുഴൽമന്ദം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ കൈക്കൊള്ളുവാൻ സ്കൂൾ മാനേജർക്ക് നിർദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാഥി അർജുൻ വീട്ടിൽ തൂങ്ങി മരിച്ചത്. പിന്നാലെ ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.
അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. കുഴല്‍മന്ദം പോലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.