പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ റെയിൽവേ
Friday, October 17, 2025 7:46 AM IST
ന്യൂഡൽഹി: ദീപാവലി ഉത്സവത്തിനും ഛഠ് പൂജയ്ക്കും മുന്നോടിയായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഡൽഹി, മുംബൈ ഉൾപ്പെടെ 15 പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവച്ചു. സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്കേറിയ സ്റ്റേഷനുകളിൽ സുരക്ഷിതമായ ബോർഡിംഗും ഡീബോർഡിംഗും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 28 വരെ തുടരും. എന്നാൽ റെയിൽവേ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള സ്ത്രീ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകും.
ന്യൂഡൽഹി, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഗാസിയാബാദ്, ബാന്ദ്ര ടെർമിനസ്, വാപി, സൂറത്ത്, ഉദ്ന, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (CSMT), ദാദർ, ലോകമാന്യ തിലക് ടെർമിനസ് (LTT), താനെ, കല്യാൺ, പൻവേൽ എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിൽപ്പന നിയന്ത്രിച്ചിരിക്കുന്നത്.