വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച് ആക്രി കടയിൽ വിറ്റ സംഭവം; രണ്ട് പേർ പിടിയിൽ
Friday, October 17, 2025 7:01 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മിനിലോറി കടത്തിക്കൊണ്ടുപോയി ആക്രി കടയിൽ വിറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ്, കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്വിൻ എന്നിവരാണ് പിടിയിലായത്.
മോഷ്ടിച്ച ലോറിയുടെ ഭാഗങ്ങൾ രണ്ടിടങ്ങളിൽ നിന്നായി കണ്ടെത്തി. എഡ്വിന്റെ ഗോഡൗണിൽ നിന്നും ലോറിയുടെ ഷാസിയും തമിഴ്നാട്ടിലെ ആക്രിക്കടയിൽ നിന്നും പൊളിച്ചു മാറ്റിയ ഭാഗങ്ങളും പോലീസ് കണ്ടെത്തി.
കഴിഞ്ഞ 11ന് രാത്രിയോടെയാണ് വിഴിഞ്ഞത്ത് നിന്ന് ലോറി മോഷണം പോയത്. തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് മോഷണം പോയത്. രാജേഷാണ് ലോറി വിഴിഞ്ഞത്തേക്ക് വിളിച്ചു വരുത്തിയത്.
ലോറി വിഴിഞ്ഞത്ത് എത്തിയതോടെ ഡ്രൈവറോട് ഭക്ഷണം കഴിച്ചു വരാൻ ആവശ്യപ്പെട്ടു. തിരികെ എത്തിയ ഡ്രൈവർ ലോറി കാണാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.