കുന്നംകുളത്ത് ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം
Friday, October 17, 2025 12:50 AM IST
തൃശൂര്‍: കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചതിൽ സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്.
ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഇല്യാസ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവാണ് ഇല്യാസ് മരിക്കാൻ കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അനസ്തേഷ്യ നൽകിയതിൽ അപാകതയുണ്ടായെന്നും തെറ്റ് സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.