കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍
Thursday, October 16, 2025 9:47 PM IST
കൊച്ചി: കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍. ഇടപ്പള്ളി മേഖലാ ഓഫീസിലെ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലച്ചന്‍, റവന്യു ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠന് എന്നിവരെയാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ലാലച്ചന്റെ മുറിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ലാലച്ചന്‍ 5,000 രൂപയും മണികണ്ഠന് 2,000 രൂപയുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. മേഖലാ ഓഫീസ് പരിധിയില്‍ വരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റിനല്‍കുന്നതിന് ഉടമസ്ഥനുവേണ്ടി ഇടപ്പള്ളി സ്വദേശിയായ അഭിഭാഷകന് ഇക്കഴിഞ്ഞ മേയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ പല കാരണങ്ങള്‍ പറഞ്ഞ് നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പരാതിക്കാരന് ഇടപ്പള്ളി ഓഫീസിലെത്തി സൂപ്രണ്ട് ലാലച്ചനെയും റവന്യു ഇന്‍സ്പെക്ടര്‍ മണികണ്ഠനെയും നേരില്‍ കണ്ട് വീണ്ടും വിവരം തിരക്കിയപ്പോള്‍ ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടു.
ഉച്ചയ്ക്കുശേഷം ഓഫീസില്‍ എത്തി നേരിട്ട് നല്കിയാല് മതിയെന്നും അറിയിച്ചു. ഈ വിവരം അഭിഭാഷകന് എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.