വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെ അനായാസമായി കീഴടക്കി; സെമിയിൽ കടന്ന് ഓസ്ട്രേലിയ
Thursday, October 16, 2025 8:54 PM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ സെമിയിലെത്തി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെയാണ് ഓസീസ് സെമിയിലേയ്ക്ക് മുന്നേറിയത്.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 25.1 ഓവർ ബാക്കി നിൽക്കെ ഓസീസ് മറികടന്നു. ക്യാപ്റ്റൻ അലിസ ഹീലിയുടെ സെഞ്ചുറിയുടെയും ഫീബ ലിച്ച്ഫീൽഡിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസീസ് അനായാസമായി വിജയിച്ചത്.
ഹീലി 113 റൺസാണ് എടുത്തത്. 77 പന്തിൽ 20 ബൗണ്ടറി അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹീലി സെഞ്ചുറി നേടുന്നത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഹീലി സെഞ്ചുറി നേടിയിരുന്നു. ലിച്ച്ഫീൽഡ് 84 റൺസെടുത്തു.
കഴിഞ്ഞ മത്സരങ്ങളിൽ ന്യൂസിലൻഡിനെയും ഇന്ത്യയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ഓസ്ട്രേലിയ ഒമ്പത് പോയിന്റുമായാണ് സെമി ഉറപ്പിച്ചത്.