പാലക്കാട്ടെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മരണം; സ്കൂൾ അടച്ചു
Thursday, October 16, 2025 1:41 PM IST
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ അടച്ചു.
പ്രതിഷേധവുമായി വിദ്യാർഥികൾ എത്തിയതിന് പിന്നാലെ ആരോപണ വിധേയായ അധ്യാപികയെയും പ്രധാനാധ്യാപികയെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്കൂൾ അടച്ചത്.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശി അർജുൻ(14) വീട്ടിൽ തൂങ്ങി മരിച്ചത്. അർജുന്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപികയുടെ മാനസിക പീഡനമെന്നായിരുന്നു ആരോപണം.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
നേരത്തെ, ആരോപണവിധേയായ അധ്യാപികയെ പിന്തുണച്ച് പ്രധാനാധ്യപിക രംഗത്തെത്തിയിരുന്നു. ഇതോടെ വീണ്ടും പ്രതിഷേധം ശക്തമായി.
തുടർന്നാണ് മാനേജ്മെന്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.