തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബർ ആക്രമണമെന്ന് ജി. സുധാകരൻ
Thursday, October 16, 2025 12:03 PM IST
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടിപ്രവർത്തകരാണ്. അവരെ വിലക്കുന്നതിനു പകരം ചിലർ തന്നെ ഉപദേശിക്കാൻ വരുന്നു.
ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽനിന്ന് ഒറ്റപ്പെടുത്താനാകില്ല. സൈബർ ആക്രമണം നടത്തുന്നവരെ വിലക്കാതെ മന്ത്രി സജി ചെറിയാനും അന്പലപ്പുഴ എംഎൽഎ. എച്ച്. സലാമും ജില്ലാ സെക്രട്ടറി ആർ. നാസറും അവരെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സജി ചെറിയാൻ തനിക്കെതിരേ പരസ്യപ്രവർത്തനം നടത്തി. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെ സജി ചെറിയാൻ ഉപദേശിക്കുകയാണ്. പാർട്ടിയോട് ചേർന്ന് നിൽക്കണമെന്നാണ് തന്നോട് സജി ചെറിയാൻ ഉപദേശിക്കുന്നത്. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെയാണ് ഉപദേശിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ തെറ്റായ കാര്യങ്ങളാണ് പറയുന്നത്. എച്ച്. സലാം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പറയുന്നത് പാർട്ടി നയത്തിൽ ഊന്നിയുള്ള കാര്യങ്ങളാണ്. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി അന്വേഷിക്കുന്നുണ്ടോയെന്ന അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പാർട്ടി നശിക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും മറ്റുള്ളവർ അങ്ങനെ ചിന്തിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബ്രാഞ്ചിൽ മാത്രം പ്രവർത്തനത്തിനിറങ്ങും. തനിക്കെതിരേ നേതാക്കൾ അപവാദങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.