പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂളിൽ വൻ പ്രതിഷേധം; ഉപരോധവുമായി കെഎസ്യു
Thursday, October 16, 2025 10:58 AM IST
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സ്കൂളിന് മുന്നിൽ വൻ പ്രതിഷേധം.
കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, ആരോപണവിധേയായ അധ്യാപികയെ പിന്തുണച്ച് വിദ്യാർഥികളും സ്കൂൾ അധികൃതരും രംഗത്തെത്തി.
സാധാരണ അധ്യാപകർ വിദ്യാർഥികളെ ശകാരിക്കുന്നതുപോലെ മാത്രമാണ് അധ്യാപിക അർജുനെ ശകാരിച്ചതെന്നും മരിച്ച വിദ്യാർഥിക്ക് വീട്ടിൽ നിന്നും സമ്മർദമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടിയെ അമ്മാവൻ മർദിച്ചുവെന്നും ഇവർ കൂട്ടിച്ചേർത്തു.
സ്കൂളിൽ നടന്ന കാര്യങ്ങൾക്ക് പിന്നിലെ വാസ്തവം എന്താണെന്ന് അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ഒരു വിദ്യാർഥി പ്രതികരിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുൻ(14)ആണ് വീട്ടിൽ ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.