മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thursday, October 16, 2025 10:25 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാന്റെ(19) മൃതദേഹം കണ്ടെത്തി.
ബുധനാഴ്ചയാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് ഷഹാൻ വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീണത്. നേവിയും കോസ്റ്റ്ഗാർഡും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിമുട്ടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബിയെന്ന കാരിയർ വള്ളമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. മീനുമായി മടങ്ങിവരുമ്പോൾ അഴിമുഖത്ത് തിരയിൽപ്പെട്ട വള്ളത്തിൽനിന്ന് ഷഹാൻ തെറിച്ചുവീഴുകയായിരുന്നു.
ഷഹാനൊപ്പം വള്ളത്തിലുണ്ടായിരുന്ന അൽ അമീൻ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. പിന്നാലെയാണ് തിരച്ചിലാരംഭിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.