ഹമാസ് നിരായുധീകരണം നടപ്പാക്കണം, വെടിനിർത്തൽ ധാരണ ലംഘിച്ചാൽ പ്രതികരിക്കും: ട്രംപ്
Thursday, October 16, 2025 7:02 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്നും വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചാൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസിനെ ആയുധമുക്തമാക്കാൻ യുഎസ് സൈന്യത്തിന്റെ ആവശ്യമില്ലെനനും ട്രംപ് പറഞ്ഞു.
രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിച്ച് ഇക്കഴിഞ്ഞ 13നാണ് ഗാസ സമാധന കരാർ ഒപ്പിട്ടത്. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിലാണ് സമാധാന കരാർ ഒപ്പിട്ടത്.
കരാർ പ്രകാരം ഇസ്രയേൽ സൈന്യം പിൻവാങ്ങി. എന്നാൽ ഗാസയിൽ പിടിമുറുക്കിയ ഹമാസ് വിമതവിഭാഗത്തിൽപ്പെട്ട ഏഴുപേരെ തെരുവിൽ പരസ്യമായി വെടിവച്ചുവീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാർ പ്രകാരം ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.