എറണാകുളത്ത് മൂന്ന് ആടുകൾക്ക് പേ വിഷബാധ; വെറ്ററിനറി ജീവനക്കാരെത്തി കൊന്നു
Wednesday, October 15, 2025 10:02 PM IST
കൊച്ചി: എറണാകുളം തോട്ടക്കാട്ടുകരയിൽ മൂന്ന് ആടുകൾക്ക് പേ വിഷബാധ. ആടുകളെ വെറ്ററിനറി ജീവനക്കാർ കൊന്നു. തോട്ടക്കാട്ടുകരയിൽ നായയുടെ കടിയേറ്റാണ് മൂന്ന് ആടുകൾക്ക് പേവിഷബാധ ഉണ്ടായത്.
വീട്ടുകാരെയും നാട്ടുകാരെയും ആട് ആക്രമിക്കാൻ ശ്രമിച്ചതോടെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ച ആടുകളുടെ കൂടെ ഉണ്ടായിരുന്ന 14 ആടുകളെയും നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആടുകളെ പരിചരിച്ച മനുഷ്യർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനാൽ അടിയന്തരമായി ഇവയെ പിടികൂടി വന്ധ്യംകരണം നടത്തണമെന്ന് കഴിഞ്ഞ ദിവസത്തെ ആലുവ നഗരസഭാ സ്റ്റീയറിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. തെരുവുകളിൽ കന്നുകാലികളെ അഴിച്ചു വിടരുതെന്നും നഗരസഭ അധികൃതർ നിർദേശിച്ചിട്ടുണ്ട്.