കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട് ലെറ്റ്; പ്രതിദിനം വിൽക്കുന്നത് 450 കിലോയ്ക്ക് മുകളില്‍ കോഴിയിറച്ചി
സീമ മോഹന്‍ലാല്‍
Tuesday, October 14, 2025 4:53 PM IST
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ വഴി പ്രതിദിനം വില്‍ക്കുന്നത് ശരാശരി 450 കിലോയ്ക്ക് മുകളില്‍ കോഴിയിറച്ചി. ഒരു കിലോ കോഴിയിറച്ചിക്ക് 17 രൂപ ഗുണഭോക്താവിന് ലാഭമായി കുടുംബശ്രീ ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 146 ഔട്ട് ലെറ്റുകളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 105 ഔട്ട് ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ മുഖേനെയുള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഫാമുകള്‍ക്ക് ആനുപാതികമായി പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം - 20, കൊല്ലം- 20, കോട്ടയം - 23, എറണാകുളം -27, തൃശൂര്‍, കോഴിക്കോട് - 19, പാലക്കാട് - 7, മലപ്പുറം - 10, കണ്ണൂര്‍ - 1 എന്നിങ്ങനെ 146 കുടുംബശ്രീ ചിക്കന്‍ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് തുടങ്ങിയത്. എന്നാല്‍ നിലവില്‍ തിരുവനന്തപുരം - 18, കൊല്ലം - 15, കോട്ടയം - 14, എറണാകുളം, തൃശൂര്‍ - 11, പാലക്കാട് - ഏഴ്, മലപ്പുറം - 10, കോഴിക്കോട് - 18, കണ്ണൂര്‍ - ഒന്ന് എന്നിങ്ങനെ 105 ഔട്ട് ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുകൂടാതെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 7 ഔട്ട് ലെറ്റുകളും (മലപ്പുറം ജില്ലയില്‍) ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് പുതിയ 100 ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കാണാനും ശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് ഒരു സ്ഥിര വരുമാനം ഉറപ്പാക്കാനും ആഭ്യന്തരവിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമാനി 2017 നവംബറിലാണ് കേരള ചിക്കന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്.
നിലവില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്ന ചിക്കന്റെ എട്ടു ശതമാനമാണ് കേരള ചിക്കന്‍ പദ്ധതി വഴി ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105.63 കോടി രൂപയുടെ വിറ്റുവരവാണ് കേരള ചിക്കന്‍ നേടിയത്.