ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് വി​ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 121 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. ക്യാ​പ്റ്റ​നാ​യ​ശേ​ഷം ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര​യാ​ണി​ത്.

58 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. സാ​യ് സു​ദ​ര്‍​ശ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് അ​വ​സാ​ന ദി​നം ന​ഷ്ട​മാ​യ​ത്. ആ​റു റ​ൺ​സു​മാ​യി ധ്രു​വ് ജു​റെ​ല്‍ പു​റ​ത്താ​കാ​തെ നി​ന്നു. സ്കോ​ര്‍: ഇ​ന്ത്യ- 518-5, 124-3, വെ​സ്റ്റ് ഇ​ന്‍​ഡീ​സ്- 248, 390.

അ​വ​സാ​ന ദി​നം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 63 റ​ണ്‍​സെ​ന്ന നി​ല​യി​ൽ ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തി​ലേ​ക്ക് 58 റ​ണ്‍​സ് കൂ​ടി​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. സ്കോ​ര്‍ 88ല്‍ ​നി​ല്‍​ക്കെ സാ​യ് സു​ദ​ര്‍​ശ​ൻ റോ​സ്റ്റ​ണ്‍ ചേ​സി​ന്‍റെ പ​ന്തി​ല്‍ ഷാ​യ് ഹോ​പ്പി​ന് പി​ടി​കൊ​ടു​ത്ത് മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്‍ ഒ​രു ഫോ​റും ഒ​രു സി​ക്സും അ​ടി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും 13 റ​ണ്‍​സു​മാ​യി ജ​സ്റ്റി​ന്‍ ഗ്രീ​വ്സി​ന് വി​ക്ക​റ്റ് ന​ല്കി മ​ട​ങ്ങി. പി​ന്നീ​ടെ​ത്തി​യ ധ്രു​വ് ജു​റെ​ലി​നെ കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ല്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.