പോത്തുണ്ടി സജിത കൊലക്കേസ്: ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഇന്ന്, പ്രധാന സാക്ഷി നാടുവിട്ടു
Tuesday, October 14, 2025 9:54 AM IST
പാലക്കാട്: നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊടുംകുറ്റവാളി ചെന്താമര പ്രതിയായ കേസിൽ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്.
ആറുവർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 31 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. താനും ഭാര്യയും പിരിയാന്‍ കാരണം ഭാര്യയുടെ അടുത്ത സുഹൃത്തായ സജിതയാണെന്ന് വിശ്വസിച്ച ചെന്താമര, സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.
ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.
കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
ഇതിനിടെ, ചെന്താമരയുടെ ഭീഷണി കാരണം പ്രധാനസാക്ഷി നാടുവിട്ടു. പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലാണ് ഇപ്പോൾ താമസം. ചെന്താമര പലതവണ ഭീഷണി മുഴക്കിയെന്നും ജീവനു ഭീഷണിയുണ്ടെന്നും പുഷ്പയുടെ മക്കൾ പറഞ്ഞു. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു.