മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായെത്തി; അന്വേഷണത്തിൽ കണ്ണൂരിൽ മോഷണ കേസ് പ്രതി
Tuesday, October 14, 2025 5:29 AM IST
വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്.
പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു.
തുടർന്ന് ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഇതിലെ മേല്‍ വിലാസം പ്രകാരം കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കുകയുമായിരുന്നു. കണ്ണപുരത്ത് മോഷണ കേസിൽ പ്രതിയാണെന്നും സംഭവശേഷം ഒളിവില്‍ പോയതാണെന്നും വിവരം ലഭിച്ചു.
കണ്ണപുരത്ത് നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിംഗിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികള്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഷബീർ. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിങ്കളാഴ്ച രാവിലെ കണ്ണപുരം പോലീസിന് കൈമാറി.