ബിഹാർ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ സീറ്റ് വിഭജനം ധാരണയായി
Tuesday, October 14, 2025 3:33 AM IST
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ മഹാസഖ്യം ധാരണയിലെത്തിയതായി സൂചന. ദിവസങ്ങൾ നീണ്ട അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും കോൺഗ്രസും വിട്ടുവീഴ്ചകൾക്ക് തയാറായതോടെയാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. ആർജെഡി 135 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റിലും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ആർജെഡി 144 സീറ്റുകൾക്കായി വാദിച്ചിരുന്നു. 70 സീറ്റുകൾ വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് സീറ്റ് വിഭജനം തർക്കത്തിലായത്. ബിഹാറിലെ 243 സീറ്റുകളിൽ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല് ഇൻസാൻ പാർട്ടിക്കും (വിഐപി) നൽകും.
തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടാനും തീരുമാനമായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.