മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കേസ്; കൂട്ടുപ്രതിയായ യുവതിയും അറസ്റ്റിൽ
Tuesday, October 14, 2025 1:14 AM IST
തൃശൂര്‍: മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ കൂട്ടുപ്രതിയായ യുവതിയും അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്നി (19) ആണ് അറസ്റ്റിലായത്.
മാള പോലീസാണ് ഇവരെ ഫാത്തിമയെ അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ ഒൻപതിന് രാത്രിയാണ് ഈ കേസിലെ മുഖ്യ പ്രതി പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന് ആദിത്ത് (20) ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ ഉണ്ടായിരുന്ന ആറ് പവന് തൂക്കം വരുന്ന സ്വര്‍ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയത്.
കഴിഞ്ഞ ദിവസം ആദിത്തിനെ തൃശൂർ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ആദിത്തിന്റെ കൂടെ ആറ് മാസമായി താമസിച്ചു വരുന്ന സ്ത്രീയാണ് ഫാത്തിമ തസ്നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്നിയും ആദിത്തും കൂടി കാറില്‍ 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയില്‍ മാല നാലര ലക്ഷം രൂപക്ക് വില്പന നടത്തിയിരുന്നു.
മാല വിറ്റ വകയില്‍ ലഭിച്ച പണത്തില്‍ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്നി മാളയിലെ ജ്വല്ലറിയില്‍ പുതിയ മാല വാങ്ങുകയും കൂടാതെ ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തില്‍ നിന്നും നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാന്‍ഡ് ചെയ്തു.