ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
Monday, October 13, 2025 4:06 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് സുപ്രീംകോടതി എന്‍എസ്എസ് മാനേജ്മെന്റിനു നല്കിയ വിധിയിലെ ഇളവുകളും ആനുകൂല്യങ്ങളും മറ്റു എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് കൂടി ബാധകമാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി കേസ് വീണ്ടും സപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ നിലപാട് കോടതിയെ അറിയിക്കും.
ഈ മാസം 16ന് കേസ് പരിഗണിക്കുമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമാന സ്വഭാവമുള്ള നിരവധി കേസുകള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ കേസുകളില്‍ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി സുപ്രീംകോടതിയെ വീണ്ടു സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍എസ്എസിന് സുപ്രീംകോടതി വിധിയിലൂടെ നൽകിയ ഇളവുകള്‍ സംബന്ധിച്ച് സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ എയ്ഡഡ് മാനേജ്മെന്റുകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.
പ്രതിഷേധം ശക്തമായതിനി പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് വിഷയത്തിലിടപെട്ടിരുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുമായി കഴിഞ്ഞ ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.
ഭിന്നശേഷി നിയമന പ്രശ്നത്തില്‍ നിയമവശം പരിശോധിച്ച് ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും അന്ന് മുഖ്യമന്ത്രി കര്‍ദിനാളിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ചര്‍ച്ച നടത്തിയിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം ചേര്‍ന്നതും വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ തീരുമാനം കൈക്കൊണ്ടതും.