മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി
Monday, October 13, 2025 2:24 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്.
ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റിന് കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ബഹ്റിനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
24, 25 തീയകളില്‍ ഒമാനിലെ മസ്കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ ഏഴിന് കുവൈത്തിലും ഒൻപതിന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.