മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് ലാവ്ലിൻ കേസിൽ
Monday, October 13, 2025 2:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചത് എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്.
2023ലാണ് ഇഡി വിവേകിന് സമൻസ് അയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇഡി അന്വേഷണം.
ലാവ്ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ, വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല.
നേരത്തെ, ഈ സമന്‍സ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നുവെങ്കിലും, ലാവ്ലിൻ കേസിലാണ് സമന്‍സ് അയച്ചതെന്നാണ് ഇപ്പോഴുള്ള വിവരം.
സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പാണ് പുറത്തായത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി സമൻസ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങൾ. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസയച്ചത്.
2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്.