എൻഡിഎയിൽ പ്രശ്നങ്ങളുണ്ട്; ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തും: മൃത്യുഞ്ജയ് തിവാരി
Monday, October 13, 2025 7:43 AM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനായിരിക്കും വിജയം എന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മഹാസഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
"മഹാസഖ്യം ശക്തമായ നിലയിലാണ്. സഖ്യത്തിലെ ഏല്ലാ പാർട്ടികളും തമ്മിൽ അത്രത്തോളം ഐക്യമുണ്ട്. മാത്രവുമല്ല സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-തിവാരി അവകാശപ്പെട്ടു.
"എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. അവിടെ തർക്കങ്ങളുണ്ട്. ബിജെപി ചെറു പാർട്ടികളെ അവഗണിക്കുകയാണ് അവർ ആവശ്യപ്പെട്ട സീറ്റുകൾ പോലും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ എച്ച്എഎമ്മും ആർഎൽഎമ്മും അതൃപ്തരാണ്.'-തിവാരി പറഞ്ഞു.
ജെഡിയും പോലും എൻഡിഎയിൽ സുരക്ഷിതരല്ലെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അവരെ മാറ്റിനിർത്തി ബിജെപി തന്നെ മുഖ്യമന്ത്രി പദവി അടക്കം ഏറ്റെടുക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു. ബിജെപി ചിരാഗിനെ മാത്രമാണ് കണക്കിലെടുക്കുന്നതെന്നും നിതീഷ് കുമാറിന് വെറും കാഴ്ചക്കാരനായി മാത്രമെ നിൽക്കാൻ സാധിക്കുവെന്നും തിവാരി പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.