വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവ്: അഫ്ഗാന് വിദേശകാര്യമന്ത്രി
Monday, October 13, 2025 5:26 AM IST
ഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികരണവുമായി അഫ്ഗാന് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്തഖി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും മുത്തഖി പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിലാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്ന് മുത്തഖി വ്യക്തമാക്കി.
വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ സംഭവം രാഷ്ട്രീയമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കായി നിലകൊള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.