ഗാസ സമാധാന പദ്ധതി; രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിൽ, ഇസ്രയേൽ പങ്കെടുക്കില്ല
Monday, October 13, 2025 3:39 AM IST
കയ്റോ: ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഗാസ സമാധാന പദ്ധതി ചർച്ച ചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിൽ. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്രയേലിൽനിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് ലിയോ മാർപാപ്പ ആശംസകൾ നേർന്നു.