ഹീലിക്ക് സെഞ്ചുറി: ഇന്ത്യയെ കീഴടക്കി; ഓസീസിന് ജയം
Sunday, October 12, 2025 11:19 PM IST
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.