അമേരിക്കയിലെ ബാറിൽ വെടിവയ്പ്പ്; നാലുപേർ മരിച്ചു
Sunday, October 12, 2025 10:10 PM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിലാണ് വെടിവയ്പ്പുണ്ടായത്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
വെടിവയ്പ്പില്‍നിന്ന് രക്ഷപ്പെടാനായി ആളുകൾ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു.
സംഭവസ്ഥലത്തുനിന്ന് നാലുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 പേര്‍ക്കെങ്കിലും പരിക്കുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.