അതിർത്തിയിൽ 200ലധികം താലിബാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ
Sunday, October 12, 2025 9:40 PM IST
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ.
ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന് പാക്കിസ്ഥാൻ(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
താലിബാന് ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
'സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാക്കിസ്ഥാൻ കണ്ണടച്ചു. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്'.-താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു.