റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണംകവർന്നു; പ്രതി പിടിയിൽ
Sunday, October 12, 2025 8:07 PM IST
തൃശൂർ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്ത് (20 ) ആണ് പിടിയിലായത്.
മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സെപ്റ്റംബർ 25 രാത്രിയാണ് സംഭവം.
വീടിന്റെ അടുക്കളയിലൂടെ കയറിയ പ്രതി, ജയശ്രിയുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിക്ക് പിന്നാലെ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പത്തിലായിരുന്നു. പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ഇവർ നൽകാറുണ്ടായിരുന്നു. ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നത്.