ശബരിമല സ്വർണപ്പാളി വിവാദം; പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും : പി.എസ്.പ്രശാന്ത്
Sunday, October 12, 2025 6:27 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.