പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹനിശ്ചയം നടത്തി; പോലീസ് കേസെടുത്തു
Sunday, October 12, 2025 4:30 PM IST
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടം സ്വദേശിനിയായ 14കാരിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിലാണ് മാതാപിതാക്കൾ ഉൾപ്പടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചു.