ഗാസ സമാധാന പദ്ധതി; ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കില്ല
Sunday, October 12, 2025 2:04 PM IST
ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല.
ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ഉള്ളത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്.