പോലീസിന്റെ നൈറ്റ് പെട്രോളിംഗിനിടെ കഞ്ചാവുമായി യുവാവ് പിടിയിൽ
Sunday, October 12, 2025 11:02 AM IST
ചെങ്ങന്നൂർ: ചില്ലറ വിൽപനയ്ക്കായി കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ കൊടിയത്തൂർ സ്വദേശിയായ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് നൈറ്റ് പെട്രോളിംഗിനിടെ അറസ്റ്റിലായത്.
ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ബാഗിൽ സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഇയാൾ സഞ്ചരിച്ചുകൊണ്ടിരുന്ന കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.