വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് മടങ്ങി ആയിരങ്ങൾ; ബന്ദി മോചനം തിങ്കളാഴ്ചയുണ്ടായേക്കും
Sunday, October 12, 2025 6:26 AM IST
ഗാസ സിറ്റി: ഗാസയിലേക്ക് കാൽനടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു. യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെയാണ് ആളുകൾ മടങ്ങിയെത്തുന്നത്.
ഇന്ന് ഈജിപ്തിൽ അന്തിമ സമാധാനക്കരാർ ഒപ്പുവയ്ക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും ചടങ്ങിൽ പങ്കെടുക്കും.
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മടക്കം. ഗാസയിലേക്ക് ഞായറാഴ്ച മുതൽ കൂടുതൽ സഹായ വാഹനങ്ങൾ കടത്തിവിടാൻ ഇസ്രയേൽ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരവുമാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരം ഇസ്രായേലി ജയിലിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കും.