കുന്നംകുളത്ത് മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു
Sunday, October 12, 2025 1:09 AM IST
തൃശൂർ: കുന്നംകുളത്ത് മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി പിന്റു (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീർ സിംഗ് (24) നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പിന്റുവും ധരംബീർ സിംഗും ഉൾപ്പെട്ട ആറംഗ സംഘം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. പിന്റുവും ധരംബീർ സിംഗും മദ്യപിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് പ്രീതം പ്രിന്റുവിനെ ആക്രമിച്ചത്.
ബിയർ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരാളാണ് പിന്റുവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.