ബിഹാർ തെരഞ്ഞെടുപ്പ്: ജെജെഡി സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് തേജ് പ്രതാപ് യാദവ്
Saturday, October 11, 2025 8:01 PM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജൻശക്തി ജനതാ ദൾ (ജെജെഡി) സ്ഥാനാർഥികളെ ഒക്ടോബർ 13 തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. താൻ മഹുവ മണ്ഡലത്തിൽ നിന്നായിരുക്കും ജനവിധി തേടുക എന്നും തേജ് പ്രതാപ് പറഞ്ഞു.
ജെജെഡിയുമായി സഖ്യത്തിലെത്താൻ പലരും തന്നെ സമീപിച്ചുവെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. എന്നാൽ ഈക്കാര്യത്തിൽ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി മുൻ നേതാവായ തേജ് പ്രതാപ് 2015ൽ വിജയിച്ച മണ്ഡലമാണ് മഹുവ. ആർഡെജിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അദ്ദേഹം ജൻശക്തി ജനതാ ദൾ പാർട്ടിക്ക് രൂപീകരിച്ചത്.
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹാദരനുമാണ് തേജ് പ്രതാപ് യാദവ്.