ഏറ്റുമാനൂരിൽ മന്ത്രി വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം
Saturday, October 11, 2025 6:21 PM IST
ഏറ്റുമാനൂർ: സ്വർണപ്പാളി കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം.
പ്രകടനം നടത്തി ബിജെപി പ്രവർത്തകർ തിരികെ പോയതിനുശേഷം പിന്നാലെ എത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഓട്ടോ സ്റ്റാൻഡിലും മറ്റും നിൽക്കുകയായിരുന്ന ബിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ബിജെപി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചു. ഇതോടെ പിരിഞ്ഞു പോയ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ തിരിച്ചെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പോലീസ് നോക്കിനിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പി.എ. അനീഷ്, ടി.ആർ. രാജേഷ്, സരുൺ കെ. അപ്പുക്കുട്ടൻ, നികിത, നികിതയുടെ പ്രായപൂർത്തിയാകാത്ത മകൾ എന്നിവർക്കാണ് മർദ്ദനമേറ്റത്.
സംഘർഷത്തെ തുടർന്നു പോലീസ് ഉദ്യോഗസ്ഥർ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയും പ്രവർത്തകരെ മർദ്ദിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനും പോക്സോ വകുപ്പുകളടക്കം ചേർത്ത് കേസെടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.