ഡൽഹി ടെസ്റ്റ്: ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ; വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച
Saturday, October 11, 2025 4:57 PM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച നേരിട്ടു. രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് വിൻഡീസ്.
യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറിയുടെയും സായ് സുദർശന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. നിതീഷ് റെഡ്ഢിയും ധ്രുവ് ജൂറലും കെ. എൽ. രാഹുലും തിളങ്ങി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ആദ്യ ദിനം 318-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും 44 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. സായ് സുദർശൻ 87 റൺസും കെ. എൽ. രാഹുൽ 38 റൺസുമെടുത്തു.
ധ്രുവ് ജുറെല്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനായി വാറിക്കന്‍ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 107 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ജോൺ കാംബെൽ, ടാഗെനരൈൻ ചന്ദർപോൾ അലിക്ക് അത്തനാസെ, റോഷ്ടൻ ചെയ്സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കാംബെൽ 10 റൺസും ടാഗെനരെയ്ൻ 34 റൺസും അത്തനാസെ 41 റൺസും ആണ് എടുത്തത്. ചെയ്സിന് റൺസൊന്നും എടുക്കാൻ സാധിച്ചില്ല. 31 റൺസെടുത്ത ഷായ് ഹോപും 14 റൺസെടുത്ത വിക്കറ്റ് കീപ്പർ ടെവിൻ ഇംപ്ലാച്ചുമാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. കുൽദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.