വാട്ടർ മെട്രോയുടെ രണ്ടു ടെര്‍മിനലുകള്‍ കൂടി നാടിന് സമര്‍പ്പിച്ചു
Saturday, October 11, 2025 2:07 PM IST
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി.
മട്ടാഞ്ചേരി ടെര്‍മിനലിലായിരുന്നു ചടങ്ങ്. ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023ലാണ് വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന്റെ നിര്‍ണായകമായ ചുവടുവയ്പ്പാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ആയപ്പോള്‍ അഞ്ച് ടെര്‍മിനല്‍ കൂടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയുടെ മുഖച്ഛായ വലിയ തോതില്‍ മാറുന്നതിന് പുതിയ ടെര്‍മിനലുകള്‍ സഹായിക്കും. ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാകും.
കൊച്ചി നഗരത്തിനും പ്രസ്തുത പ്രദേശങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഇത് ഉപകരിക്കും. നാട് പല കാര്യങ്ങളിലും രാജ്യത്തുതന്നെ മുന്നിട്ടുനില്‍ക്കുകയാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, ദാരിദ്ര്യ നിര്‍മാര്‍ജനം ഇവിടെയെല്ലാം ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യം തന്നെ പ്രത്യേകതയോടെ കാണുന്നതാണ്. ഇത്തരത്തില്‍ അനേകം കാര്യങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഒന്നാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.