പേരാമ്പ്രയിലേത് "ഷാഫി ഷോ'; റൂറല്‍ എസ്പി പറഞ്ഞതില്‍ തെറ്റില്ല: വി.കെ. സനോജ്
Saturday, October 11, 2025 12:14 PM IST
കോഴിക്കോട്: പേരാമ്പ്രയില്‍ നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
പേരാമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ വച്ച് ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസപ്പെടുത്താന്‍ ഷാഫി പറമ്പിലും സംഘവും ഷോയുമായി ഇറങ്ങുകയായിരുന്നുവെന്ന് സനോജ് പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനത്തിനു നേരെ ഇരച്ചു കയറി സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഷാഫി ഉദ്ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു.
ഷാഫിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നീട് അവര്‍ പോലീസുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും വി.കെ. സനോജ് പറഞ്ഞു.
ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഷാഫിക്ക് ക്രൂരമര്‍ദനമേറ്റെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോ ആണ്. ഷാഫിയുടെ ഷോ കഞ്ഞിക്കുഴി സതീശന്മാര് തോറ്റു പോകുന്ന ഷോയാണ്.
ഷാഫിയും രാഹുലും അടങ്ങുന്ന ക്രൈം സിന്‍ഡിക്കേറ്റ് കേരളത്തിലെ കോണ്‍ഗ്രസില്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാല്‍ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും.
റൂറല്‍ എസ്പി പറഞ്ഞതില്‍ തെറ്റില്ല. ലാത്തി വീശിയില്ല. വെറുതെ നിന്ന ഷാഫിക്ക് അല്ലലോ അടി കൊണ്ടത്. പ്രകോപനം ഉണ്ടായാല്‍ പോലീസ് നോക്കി നില്‍ക്കുമോ. ചിലപ്പോള്‍ കൈ തട്ടിയിട്ടുണ്ടാകാം. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.