ഷാഫിയെ മർദിച്ച സംഭവം; കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെ.സുധാകരൻ
Saturday, October 11, 2025 9:57 AM IST
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവർത്തകരുടെയും ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ.
എകെജി സെന്ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ല. കെ.കെ. ഷൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണം.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയംപറഞ്ഞ് പിടിച്ചുനില്ക്കാന് കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് ആക്രമണം നടത്തി സിപിഎം പറഞ്ഞുവയ്ക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ടെന്നും സുധാകരന് കുറിച്ചു.
കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ തുടച്ചുനീക്കുമെന്നും സുധാകരന് വ്യക്തമാക്കി.