ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
Saturday, October 11, 2025 9:01 AM IST
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പാക്കാന്‍ കെപിസിസി ആഹ്വാനം ചെയ്തു.
വൈകിട്ട് മൂന്നിന് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
പേരാമ്പ്ര സികെജി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്മാന് സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് മര്‍ദനമേറ്റു. ഇതന്റെ ഭാഗമായി സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.