ചൈനയ്ക്ക് 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്
Saturday, October 11, 2025 7:02 AM IST
വാഷിംഗ്ടൺ ഡിസി: ചൈനയ്ക്ക് 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടാതെ ഷി ജിൻ പിംഗുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെച്ചൊല്ലി ബീജിംഗുമായുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തി.
ബീജിംഗിന്റെ അസാധാരണമായ നീക്കങ്ങൾക്ക് പ്രതികാരമായി ഏതെങ്കിലും നിർണായക സോഫ്റ്റ്വെയറിൽ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തിയതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആൻഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു.
അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ചൈന കത്തുകൾ അയച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ നെറ്റ്വർക്കിൽ പറഞ്ഞിരുന്നു. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ മുതൽ സൈനിക ഹാർഡ്വെയർ, പുനരുപയോഗ ഊർജ സാങ്കേതികവിദ്യ എന്നിവ വരെയുള്ള എല്ലാത്തിന്റെയും നിർമാണത്തിന് അപൂർവ ധാതുക്കളുടെ ഘടകങ്ങൾ നിർണായകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉത്പാദനത്തിലും സംസ്കരണത്തിലും ചൈന ആധിപത്യം പുലർത്തുന്നു.