സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി 12ന്
Saturday, October 11, 2025 6:39 AM IST
തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി 12ന് സംസ്ഥാനത്ത് നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്.
ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് ഇമ്യൂണൈസേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ 12ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ 12ന് വൈകിട്ട് എട്ടു വരെ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും 12, 13, 14 ദിവസങ്ങളിൽ പ്രവര്‍ത്തിക്കും.