ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടറായ വയോധികൻ അറസ്റ്റിൽ
Saturday, October 11, 2025 5:06 AM IST
ഷിംല: ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശ് ബിജെപി നേതാവ് രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദലാണ് അറസ്റ്റിലായത്.
ആയുർവേദ ഡോക്ടറായ രാംകുമാർ (81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളിൽ അദ്ദേഹം സ്പർശിച്ച ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു.
പരിശോധനയ്ക്കിടെ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും നിരസിച്ചു. തുടർന്ന് പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. യുവതി എതിർക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസിനെ സമീപിച്ച യുവതി രാംകുമാറിനെതിരെ കേസ് ഫയൽ ചെയ്തു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറൻസിക് സംഘം അന്വേഷിക്കുകയും ചെയ്തു. സാങ്കേതിക തെളിവുകൾ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.